Sunday, August 12, 2007

വീതം വെക്കല്‍ (തറവാട്)

ഇത് ഒരു സംഭവ കഥ:
കോടിക്കല്‍: തിക്കോടി ഗ്രാമപ്പഞ്ചായത്തിന്റ്റെ തീരദേശ അതിര്‍ത്തി. അവിടെ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന വന്മുകം കോടിക്കല്‍
യു പി സ്കൂള്‍ - ഞാന്‍ പഠിച്ചു (?) വളര്‍ന്ന വിദ്യാലയം - ഒരു പാട് മഹാന്മാരെ ഒന്നും (പേരെടുത്ത് പറയാന്‍ മാത്രം) സംഭാവന
ചെയ്യാന്‍ എന്തു കൊണ്ടോ ഇതിനു സാധിച്ചില്ല,
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (അതു പണ്ട്) ഈ പ്രദേശത്ത് അറബിക്കടല്‍ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സ് ആണ്. അതു
കൊണ്ട് തന്നെ മീന്‍ കച്ചവട മുതലാളില്‍മാരും ദല്ലാല്‍ മാരും (ചെറുതും വലുതും) ആവശ്യത്തിന് സുലഭം. അവരില്‍ ചിലര്‍ തന്നെയാണ്
നാട്ടിലെ നാട്ടു കാരണവന്മാര്‍. അവരില്‍ പ്രധാനിയാണ് അന്ത്രുമാന്‍ ഹാജി (പേരുമാറ്റിയിട്ടുണ്ട് ട്ടോ).
ഇന്ന് പേരു കേട്ട (അംഗങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട്) ഒരു തറവാട്ടിലെ ഒരു പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് മേല്‍പ്പറഞ്ഞ
ഹാജിയാര്‍ സന്നിഹിതനായത്. പ്രശ്നം കുടുംബ നാഥനും സഹോദരങ്ങളും തമ്മില്‍ കുടുംബ വഴക്ക്. നമുക്ക് ആ ചര്‍ച്ച നടക്കുന്ന സ്ഥലത്ത്
ഒന്നു എത്തി നോക്കാം:
ഹാജിയാര്‍: എന്താ ഇത് പോക്കര്‍ക്കാ.... നിങ്ങളുടെ ഈ കുടുംബ പ്രശ്നം കാരണം വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ?
പോക്കര്‍ക്ക: എന്തു ചെയ്യാനാ ഹാജിയാരേ... എന്റ്റെ മക്കളും ഞാനും തമ്മില്‍ ഒരുമിച്ച് ഈ വീട്ടില്‍ ഇനി കഴിയാ‍മ്പറ്റൂന്ന് തോന്നുന്നില്ല.
ഹാജി: എന്തുപറ്റി ഷുക്കൂറേ? (മൂത്ത മകന്‍)എന്താ ഈ കേള്‍ക്കുന്നേ?
ഷുക്കൂര്‍: എന്തു പറ്റാന്‍ - അല്ല ! ഹാജിയാര്‍ പറയ്... ഏതെങ്കിലും ഒരു ബാപ്പ മോനെ “നായിന്റെ മോനെ” എന്നു വിളിക്ക്യൊ?
ഹാജി: അതെന്തു ചോദ്യാ ഷുക്കൂറേ... അങ്ങിനെ ഏതെങ്കിലും ബാപ്പ സ്വന്തം മോനെ വിളിക്ക്യൊ.. അതു തെറ്റല്ലേ?
ഷുക്കൂ: അതു തന്ന്യാ എനിക്കും പറയാനുള്ളത്.. എന്നാല്‍ ഇങ്ങക്ക് കേള്‍ക്കണോ... എന്റെ ബാപ്പയായ “ഈ നായിന്റെ മോന്‍” അങ്ങിനെ എന്നെ വിളിച്ചു, ഇങ്ങള് വിശ്വസിക്ക്വോ..
ഹാജി: പോട്ടെ .. ഇനി നിങ്ങള്‍ അതിന്റെ പേരില്‍ ഇനി പ്രശ്നങ്ങള്‍ ഒന്നൂണ്ടാക്കണ്ട.. ഇത് ഇവിടെ തീര്‍ക്കാം.. ഇനി നമുക്ക് ഇതിനൊരു പരിഹാരം കാണണ്ടേ?
ഷുക്കൂ: എനിക്ക് ഒരു അഭിപ്രായ വെത്യാസവുമില്ല.. നിങ്ങള്‍ പറഞ്ഞാ എന്‍ ക്ക് സമ്മതാ... എനിക്ക് എന്റെ ഭാഗം കിട്ടിയാല്‍ മതി.
ഹാജി: അതിപ്പോ നിന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പുള്ളപ്പൊ.. എങ്ങന്യാ ഷുക്കൂറേ?
ഷു: അതൊന്നും ഇപ്പൊ എനിക്കറ്യേണ്ട... എനിക്ക് ഒരു കല്ല് മാത്രം മതി.. അതു നിങ്ങള്‍ എനിക്ക് വാങ്ങിത്തര്വൊ?
ഹാജി: അതെന്താ ഷുക്കൂറെ...നിനക്ക് ഒരു കല്ല് മതിയെങ്കില്‍ അതിനിപ്പോ ആര്‍ക്കാ എതിര്‍പ്പ്? ഞാന്‍ തരാലോ ഒന്ന്. നീ എന്റെ പറമ്പീന്ന് എടുത്തൊ.. അതോടെ ഇതൊന്നവസാനിച്ചാല്‍ മതി..
ഷു: ങാ.. അങിനെ ഏതെങ്കിലും ഒരു കല്ല് മാത്രം പോരാ.. എനിക്ക് ഈ വീട്ടിന്റെ തറ കെട്ടിയ ഒരു കല്ല്.. അതു മാത്രം മതി.
അതു കേട്ട് ഹാജിയാര്‍ എന്തു മറുപടി പറയണമെന്ന് അറിയാതെ എഴുന്നേറ്റ് നടന്നു...

1 comment:

മന്‍സുര്‍ said...

തിക്കോടിക്കാര......

ഒരു സംഭവകഥ..... അതിന്‍റെ തനിമ ഒട്ടും നഷ്ടപ്പെടാതെ...
വിവരിച്ചുവെന്നതില്‍ അഭിമാനിക്കാം ..
കഥയിലെ നര്‍മ്മത്തിനൊപ്പം ...ഒരു നല്ല സന്ദേശം കൂടി അതില്‍ ഉയര്‍ന്ന് നില്‍ക്കുന്നു.
സ്വത്തിന്ന് വേണ്ടി കുടുംബങ്ങള്‍ തമ്മില്‍ പോരടികുന്ന കാഴ്ചകള്‍ ഇന്നും നമ്മുക്ക് ചുറ്റും ഉണ്ടെന്ന കാര്യം വിസ്മരിച്ച് കൂടാ......

നന്നായിട്ടുണട്.....ഇനിയും നല്ല മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍